Sunday 27 May 2012


പുറപ്പാട് 


        ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ അവധിക്ക് നാട്ടിലെത്തിയതാണ്.നക്ഷത്രങ്ങള്‍ തൂങ്ങുന്ന ക്രിസ്മസ് രാവ്‌,ധനുമാസത്തിലെ കുളിര്,എങ്ങും ഒരു ഉത്സവക്കലര്‍പ്പ്‌.ഒരു നീണ്ട യാത്ര തീരുമാനിച്ചതാണ്.ഇന്നാണ് എല്ലാം ഒത്തു വന്നത്.യാത്ര പറഞ്ഞു പുറപ്പെട്ടപ്പോഴാണ് മനസൊരു കാര്യം മന്ത്രിച്ചത്,യാത്ര പറയാന്‍ പോലും കഴിയാതെ ജീവിക്കുന്നവര്‍ എത്രയാണീ ലോകത്തിലെന്ന്.കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന എത്രയോ മനുഷ്യകോലങ്ങള്‍,ജീവിതയാത്രയെന്ന മിഥ്യയില്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സഞ്ചാരികള്‍,ഒത്തിരിയുണ്ടങ്ങനെ.

        ഒരു നാല്‍ക്കവലയില്‍ ഏകനായ ഒരാളിരുന്ന് വയലിന്‍ വായിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നൃത്തം ചവുട്ടി സംഗീതം പൊഴിക്കുന്ന ഗായകര്‍ക്കിടയിലോ സംഗീതഞ്ജര്‍ക്കിടയിലോ ഞാനവനെ കണ്ടിട്ടില്ല.വൃത്തിയില്ലാത്തവന്‍,താടിയും മുടിയും ജഡ പിടിച്ചിരിക്കുന്നു,വസ്ത്രങ്ങള്‍ നാറുന്നു.പക്ഷെ അവന്‍ സൃഷ്ട്ടിക്കുന്ന സംഗീതം മാസ്മരികതയുണര്‍ത്തുന്നു.

        ഇന്ന്‍ ഇവന്‍ അതിഥിയാകുന്നു.എന്നോടൊപ്പം കൂടുക,ഈ രാവ് എനിക്കൊപ്പം പങ്കിടുക.മനസ് പറയുന്നു നീ വലത്തോട്ടോ ഇടത്തോട്ടോ ചരിക്കുമ്പോള്‍ നിന്റെ പിന്നില്‍ നിന്നൊരു വിളി,മകനെ ഇങ്ങോട്ടു പോകുക ഇതാണ് വഴി “മനസാക്ഷി” ഇന്ന് ഇവനോടൊപ്പം പങ്കിടുക.ഞാനവനെ അഭിവാദ്യം ചെയ്തു ,എന്നോടൊപ്പം എന്‍റെ വീട്ടിലേക്കു വരിക,ഇന്നെന്‍റെ ആതിഥ്യം സ്വീകരിക്കുക.ഏറെ താമസിയാതെ അവന്‍ ഊന്നുവടിയും,വയലിനും,വലിയ ഭാണ്ടക്കെട്ടുമെടുത്ത് എന്നോടൊപ്പം കൂടി.തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ അയാളൊന്നും സംസാരിച്ചില്ല.തികഞ്ഞ മൗനം,നിഗൂഢത.ഒരുപാട് പഠിക്കാനുണ്ട് അയാളില്‍ നിന്നെനിക്ക് എന്നു തോന്നി.

        മടക്കയാത്രയില്‍ എന്നോടോപ്പമുള്ളവനെ എന്‍റെ ഭാര്യയും കുഞ്ഞുങ്ങളും എതിരേറ്റു.അവന്‍ കുഞ്ഞുങ്ങളെ നോക്കി മന്ദഹസിച്ചു.ഓരോ നോട്ടവും ചിരിയും ഓരോ വലിയ അധ്യായങ്ങളായിരുന്നു.അവന്‍റെ ആഗമനം വീട്ടില്‍ പ്രകാശം പരത്തി.പറഞ്ഞറിയിക്കാനാവാത്തത്ര.........അവന്‍ ഞങ്ങളോടൊപ്പമിരുന്ന് അത്താഴം കഴിച്ചു.വീണ്ടും മൗനം, നിഗൂഢത.....എങ്കിലും ആ സാന്നിധ്യം എല്ലാവരെയും ആനന്ദിപ്പിച്ചു.അത്താഴത്തിനു ശേഷം അവന്‍ വളരെയധികം കഥകള്‍ പറഞ്ഞു.അവന്‍റെ യാത്രകള്‍,ജീവിതക്കാഴ്ചകള്‍,പാതകളിലെ ഓരോ മണല്‍ത്തരികളും എനിക്കുള്ള ഓരോ പാഠങ്ങളായിരുന്നു.അവ ക്ഷമയുടെയും,ദര്‍ശനങ്ങളുടെയും നീണ്ട അധ്യായങ്ങളായിരുന്നു.

        ഒടുവില്‍ യാത്ര പറയുമ്പോള്‍ ഒരു വിരുന്നുകാരന്‍റെ മടങ്ങിപ്പോക്കായിരുന്നില്ല അത്,എവിടെയോ എനിക്ക് കൈമോശം വന്ന എന്‍റെ നല്ല ചിന്തകളുടെ തിരിച്ചുവരവായിരുന്നു.അയാള്‍ ഞങ്ങള്‍ക്കു വേണ്ടി കരുതിവച്ച ഒരു കൂട മുല്ലപ്പൂവുകള്‍ ആ രാത്രിയില്‍ സുഗന്ധം പരത്തികൊണ്ടേയിരുന്നു.

                         (വലിയൊരാശയത്തിന് ഖലീല്‍ ജിബ്രാന് നന്ദി)

Sunday 13 May 2012


എന്‍റെ പെണ്‍കൂട്ടുകാരി 


             കര്‍ത്താവെ ഇവളെ ഞാന്‍ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്കളങ്കമായ പ്രേമത്താലാണ്.അങ്ങയുടെ കാരുണ്യം എനിക്കുണ്ടാകേണമേ.ഇവളോടോത് വാര്‍ദ്ധക്യത്തിലെത്തുന്നതിനു അവിടന്ന് അനുഗ്രഹിച്ചാലും.അവള്‍ ആമേന്‍ എന്ന് ഏറ്റു പറഞ്ഞു-തോബിത്‌ 8,7
             പാതി തിമിരം ബാധിച്ച കണ്ണുകള്‍ ആ വാചകങ്ങള്‍ വീണ്ടും വായിച്ചു.ഏറെക്കാലത്തെ ഇടവേളക്കു ശേഷം ആ വഴികളിലൂടെ നടന്നു.ജയപരാജയങ്ങള്‍ സമ്മാനിച്ച ആ നാട്ടുവഴികളിലൂടെ,ഒരുപാട് മാറിയിരിക്കുന്നു ആ നാട്ടുപാതകള്‍ ,അയാളും....
              പ്രണയാതുരമായ ആ കാലത്തിന്‍റെ ബാക്കിപത്രമെന്നോണം വയസന്‍ ആല്‍മരം അവിടെ അങ്ങനെതന്നെ നില്‍ക്കുന്നു.പ്രണയജിഹ്വകള്‍ കേട്ട് തഴമ്പിച്ച ചെവിയുമായി. സ്വപ്‌നങ്ങള്‍,ആശകള്‍,പ്രതീക്ഷകള്‍ ..........അങ്ങനെ എത്രയെത്ര വാക്കുകള്‍.പാതി വിരിഞ്ഞു കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍,ഭാവിയുടെ വിശ്വാസപ്രമാണങ്ങള്‍.ഒന്നും വെറുതെയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നില്ല.എന്തൊക്കെയോ നേടി ഈ നാളുകളത്രയും,ഒരു പരാജിതനല്ല താനെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു.ആദ്യ പ്രണയമെന്ന സങ്കല്പ്പമൊഴിച്ചാല്‍.അത് മാത്രം അവസാനിക്കേണ്ടതായിരുന്നു തുടക്കം മുതലേ ....പക്ഷെ അന്നൊന്നും മനസ് വന്നില്ല,ഒടുക്കം അതും സംഭവിച്ചു.മാറ്റത്തിന്‍റെ കല്ലറകളില്‍ പ്രണയവും നിത്യ ശയ്യയിലേക്ക് നീങ്ങി.
                സ്വപ്നങ്ങളില്‍ വിശ്വസിച്ച ബാല്യം,അത് നേടിയെടുക്കാന്‍ പ്രയത്നിച്ച യൗവനം,ഇതിനിടയില്‍ കൗമാരത്തിനെവിടെയോ നഷ്ടകാലം.ഇന്നിപ്പോള്‍ വാര്‍ദ്ധക്യത്തില്‍ എല്ലാം തികഞ്ഞെന്ന വിശ്വാസത്തില്‍ നഷ്ടപ്പെട്ടതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു.
                 കഥയുടെ അവസാനം ഇങ്ങനെ,ആല്‍മരത്തിന്‍റെ മേലേകൊമ്പില്‍ നിന്നൊരു പഴുത്തില ഞെട്ടറ്റു വീഴുന്നു.എല്ലാ സ്വപ്നങ്ങള്‍ക്കും പൂര്‍ത്തീകരണം.തുറന്ന ബൈബിള്‍ അടഞ്ഞു.