Sunday 17 June 2012


ബാബേല്‍


“അവന്‍ അവളുടേതും,അവള്‍ അവന്‍റേതുമായിരുന്നു"

മൂലകഥയിങ്ങനെ,

        ഷീനാര്‍ ഒരു സമതല പ്രദേശമായിരുന്നു.അതേ സമയം ഫലപുഷ്ടി നിറഞ്ഞതും.കിഴക്ക് നിന്ന് വന്ന ഒരു കൂട്ടം ജനങ്ങള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചു.അവര്‍ പറഞ്ഞു,നമുക്ക് ഇഷ്ടികയുണ്ടാക്കാം,വലിയൊരു ഗോപുരവുമുണ്ടാക്കാം.അങ്ങനെ അവര്‍ കല്ലിനു പകരം ഇഷ്ടികയും,കുമ്മായത്തിനു പകരം കളിമണ്ണും ഉപയോഗിച്ചു.ഗോപുര നിര്‍മ്മാണം ആരംഭിച്ചു.ആ സമൂഹത്തിന്‍റെ പ്രശസ്തി നിലനിര്‍ത്താനായി ആ ഗോപുരത്തിനോടനുബന്ധിച്ച് വലിയൊരു നഗരവും പണി കഴിക്കാനവര്‍ ആഗ്രഹിച്ചു.അതല്ലെങ്കില്‍ തങ്ങളുടെ സമൂഹം ഭൂമുഖത്ത്‌ ചിന്നിചിതറി പോകുമെന്നവര്‍ വിശ്വസിച്ചു.അവര്‍ ഒരൊറ്റ സമൂഹമായി നിലനില്‍ക്കാന്‍ ആഗ്രഹിച്ചു.

        ഇതിനിടയില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയിച്ചു,അവന്‍ അവളുടേതെന്നും,അവള്‍ അവന്‍റേതുമെന്നു പരസ്പരം വിശ്വസിച്ചു.അവര്‍ പ്രണയം പങ്കിട്ടു.ഒരു വിശുദ്ധ പ്രണയം.ഗോപുര നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്നു.മനുഷ്യന്‍ ഭൂമുഖത്ത്ചെയ്യാനിരിക്കുന്നതിന്‍റെ ആദ്യപടിയായിരുന്നു ബാബേല്‍ ഗോപുരവും,ആ പട്ടണവും.എല്ലാം കൈയ്യെത്തി പിടിക്കാന്‍ അന്നേ അവന്‍ ആഗ്രഹിച്ചു.ഇനി ചെയ്യാനിരിക്കുന്നതൊന്നും അസാധ്യമായിരിക്കില്ലെന്നും ആ സമൂഹം വിശ്വസിച്ചു.

        ഓരോ നിമിഷവും ആ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു പങ്കിട്ടു.അവളോടോപ്പമിരിക്കാന്‍ അവന്‍ ആഗ്രഹിച്ചു.അതവന് വലിയ സംതൃപ്തിയും ആത്മവിശ്വാസവും നല്‍കി.പക്ഷെ എല്ലാ പ്രണയങ്ങളിലുമെന്നപോലെ എഴുതപ്പെട്ട വിധി മറ്റൊന്നായിരുന്നു.

        മനുഷ്യന്‍ നിര്‍മിച്ച ഗോപുരവും പട്ടണവും കാണാന്‍ ആകാശത്തില്‍ നിന്ന് ദൈവമിറങ്ങി വന്നു,അവിടന്ന് ചിന്തിച്ചു,ഇവരിപ്പോള്‍ ഒന്നാണ്.വലിയ കാര്യങ്ങള്‍ ചെയ്യാനുള്ളതിന്‍റെ തുടക്കം മാത്രമാണിത്.അവരെ ഭിന്നിപ്പിക്കാനായി ദൈവം കണ്ട വഴി അവരുടെ ഭാഷകള്‍ വ്യത്യസ്തമാക്കുക എന്നതായിരുന്നു.അതു പോലെ തന്നെ സംഭവിച്ചു.ആ ഒരൊറ്റ ജനത വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി.പട്ടണം പണി നിലച്ചു.അവര്‍ ഭൂമുഖത്താകെ ചിന്നിച്ചിതറി.മനുഷ്യന്‍റെ ആദ്യ കുടിയേറ്റം ആരംഭിച്ചു.

        പിന്നീട് ആ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരിക്കലും കണ്ടിട്ടില്ല.അവള്‍ അവന്‍റേതല്ലാതായി തീര്‍ന്നു,അവന്‍ അവളുടേതുമല്ലാതായിത്തീര്‍ന്നു.നീണ്ട വിശുദ്ധപ്രണയത്തിന്‍റെ അന്ത്യം അവിടെ വച്ചുണ്ടായി. 

ഒരുവിളി..............

ബാബേല്‍,നീ തകര്‍ത്തത് രണ്ട് ആത്മാക്കളെയായിരുന്നു...!!!