Tuesday 7 August 2012


1.2.3,1.2.3,1.2.3, .......


        കൗതുകം,പ്രണയം,വിവാഹം...ഒരുമിച്ചു വായിക്കുമ്പോള്‍ എല്ലാം കൊണ്ടും പൊരുത്തം തോന്നിയേക്കാവുന്ന വാക്കുകള്‍.എന്നാല്‍ സത്യം മറിച്ചാണ്.

        ഒരു പത്താം ക്ലാസ്സ്‌ കാലം,അര്‍ജ്ജുനന് മിഥിലയോട് കലശലായ പ്രേമം.ഒരു ദിവസം പോലും രണ്ടു പേര്‍ക്കും കാണാതിരിക്കാന്‍ വയ്യ.അസ്ഥിയില്‍ കൊള്ളുന്ന പ്രണയം കണ്ടവര്‍ വിചാരിച്ചു ഇതാണ് യഥാര്‍ത്ഥ സ്നേഹത്തിന്റെ പര്യായം.എന്നാല്‍ കഥ മറ്റൊന്നാണ്,പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മിഥില ദൂരെയെവിടെയോ ഉള്ള അച്ഛന്‍റെ തറവാട്ടു വീട്ടിലേക്കു താമസം മാറ്റി.അര്‍ജ്ജുന്‍ വീടിനടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ ടുവിനും ചേര്‍ന്നു.പിന്നീടവര്‍ കണ്ടിട്ടേയില്ല.യഥാര്‍ത്ഥ പ്രണയം എവിടെ പോയോ ആവോ?? പിന്നീട് കൗമാരത്തിലെത്തിയപ്പോഴാണ് ഒരു തിരിച്ചറിവുണ്ടായത് അതെല്ലാം വെറും കൗതുകത്തിന്‍റെ പേരിലുണ്ടായ പപ്പി ലവ് മാത്രമാണെന്ന്.

        കോളേജില്‍ വച്ച് പരിചയപ്പെട്ടതാണ് മിഥുനെയും സോഫിയേയും രണ്ടു പേരും കോളേജില്‍ അറിയപ്പെടുന്ന കാമുകി കാമുകന്മാര്‍,യഥാര്‍ത്ഥ പ്രണയത്തിന്റെ ശരിയായ നിര്‍വചനം.രണ്ടു പേരും തകര്‍ത്തു സ്നേഹിച്ചുകൊണ്ടേയിരുന്നു.ലൈബ്രറിയിലെ കനത്ത നിശബ്ധതയിലും,ഇരുള്‍ വീണ വരാന്തകളിലും,പൂമണം പരക്കുന്ന മരച്ചുവടുകളിലും അവരുടെ പ്രേമം പരന്നൊഴുകിക്കൊണ്ടേയിരുന്നു.പക്ഷേ വെറും മൂന്നു വര്‍ഷത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ.ഒരു farewell party ക്ക് ഗുഡ്‌ ബൈ പറഞ്ഞു പിരിഞ്ഞ സോഫിയും മിഥുനും പിന്നെ കണ്ടിട്ടേയില്ലാ.കുറെ കാലത്തിനു ശേഷം അറിഞ്ഞു,സോഫിയെ അവളുടെ അപ്പന്‍ ഏതോ ഒരു കിഴങ്ങന് കല്യാണം കഴിപ്പിച്ചു കൊടുത്തു അവളിപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണത്രെ..!!! മിഥുന്‍ അപ്പോള്‍ ജീവിക്കാന്‍ വേണ്ടി വെറുതെ മരുഭൂമിയില്‍ നിന്ന് വെയില്‍ കൊള്ളുകയായിരുന്നു.

       ജീവിത ശൃംഘലയിലെ മൂന്നാമത്തെ കണ്ണി ഇതാണ് എവിടെയോ ജനിച്ചു വളര്‍ന്ന് പരസ്പരം അറിയാത്ത രണ്ടാളുകള്‍ തമ്മിലുള്ള വിവാഹം.ജോര്‍ജ്ജ്കുട്ടി വിദേശത്താണ്,ഒരു ദിവസം പപ്പാ വിളിച്ചു കാര്യം പറഞ്ഞു.നാട്ടിലവര്‍ ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്.email ഉം skype address ഉം കൊടുത്തിട്ടുണ്ട്.ജോര്‍ജ്കുട്ടി ഒന്ന് വിളിച്ചു സംസാരിക്കണം.അതും നടന്നു.ജോര്‍ജ്കുട്ടി പെണ്ണിനെ വിളിച്ചു,സംസാരിച്ചു,ഇഷ്ട്ടപ്പെട്ടു,തീരുമാനമായി.ജോര്‍ജ്കുട്ടിയുടെ online പെണ്ണുകാണല്‍ വിജയത്തിലെത്തി.പിറ്റേന്ന് തന്നെ facebook ലെ relationship status update ചെയ്തു engaged with marykkutty joseph.കല്യാണം ഉറപ്പിച്ചു.

        അടുത്ത അവധിക്കു നാട്ടിലെത്തി മേരിക്കുട്ടിയെ മിന്നു കെട്ടി. “ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും,സമ്പത്തിലും ദാരിദ്ര്യത്തിലും,ആരോഗ്യത്തിലും അനാരോഗ്യത്തിലും.............” ആ കെട്ട് അവന്‍റെ കഴുത്തിലാണ് വീണതെന്ന് പാവം അറിഞ്ഞില്ലാ.പിന്നീട് മനസ്സിലാക്കികൊള്ളും.

        വാല്‍ക്കഷണം ഏതോ ബുദ്ധിയുള്ളവന്‍((,ഞാനല്ല ഇങ്ങനെ എഴുതി ചേര്‍ത്തു...

അരളിപ്പൂക്കള്‍ വാസന പരത്തുന്ന ഒരു സന്ധ്യയില്‍ അസ്തമയ സൂര്യനെ നോക്കി അവള്‍ അവനോടു ഇങ്ങനെ മൊഴിഞ്ഞു “നമ്മുക്ക് നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തു പഠിപ്പിക്കണം”.അസ്തമയ സൂര്യനെ നോക്കി അവനും അവളോട്‌ പറഞ്ഞു. “വേണ്ട മുത്തേ നമ്മുക്ക് നമ്മുടെ കുട്ടികളെ മലയാളം മീഡിയത്തില്‍ ചേര്‍ത്തു പഠിപ്പിക്കാം”.

        കാലത്തിന്‍റെ പൂര്‍ണതയില്‍ അതും സംഭവിച്ചു,അവള്‍ അവളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലും,അവന്‍ അവന്‍റെ കുട്ടികളെ മലയാളം മീഡിയത്തിലും ചേര്‍ത്തു പഠിപ്പിച്ചു.

        ഭൂമി പിന്നെയും കറങ്ങിക്കൊണ്ടേയിരുന്നു 1.2.3,1.2.3,1.2.3,……….

No comments:

Post a Comment